ചരിത്രം
ഈ പ്രദേശം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഹോദയ പട്ടണത്തിന്റെ ഭാഗമാണെന്ന് പറയുന്നു. യൂറോപ്യന്‍ സഞ്ചാരിയായ ബുക്കാനന്‍ കണ്ടതും കുന്നംകുളങ്ങര തന്നെ എന്നു പറയുന്നു. ഗുഹാവാസ കാലത്തോളം ഈ പട്ടണത്തിന്റെ ചരിത്രം പിന്നോട്ടു പോകുന്നുണ്ട്.
സ്ഥലനാമോല്‍പത്തി
കുന്നുകളും കുളങ്ങളും നിറഞ്ഞ നാടിന് കുന്നംകുളം എന്ന് പേരുവന്നു എന്ന് പറയപ്പെടുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍ , സംഭവങ്ങള്‍
തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ പത്ര നിരോധന വിളംബരത്തെ എതിര്‍ത്ത എ ആര്‍ പി പത്രം പ്രസിദ്ധീകരിച്ചത് കുന്നംകുളം പ്രസ്സില്‍ നിന്നായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
കുന്നംകുളത്ത് അച്ചടിശാലയുടെ ആദ്യശിശു 'വിദ്യാരത്ന പ്രഭ' യുടെ ആരംഭം 1860-ല്‍ ആയിരുന്നു. പാറമേല്‍ ഉട്ടൂപ്പാണ് ഇത് സ്ഥാപിച്ചത്. 'ജ്ഞാനോദയം' എന്ന പേരില്‍ ആരംഭിച്ച പ്രസ്സ് പിന്നീട് അക്ഷര രത്നപ്രകാശിനി പ്രസ്സായി വളര്‍ന്നു. കുന്നംകുളത്ത് ആദ്യമായി ഒരു സ്കൂള്‍ സ്ഥാപിച്ചത് 'മൈത്രാച്ഛന്റെ'സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
വാണിജ്യ-ഗതാഗത പ്രാധാന്യം
ജില്ലയിലെ അറിയപ്പെടുന്ന കമ്പോളത്തിന്റെ സിരാകേന്ദ്രമായി കുന്നംകുളം അറിയപ്പെട്ടിരുന്നു. നോട്ടുബുക്കു നിര്‍മ്മാണത്തിന് കുന്നംകുളം ദേശീയ പ്രശസ്തിയാര്‍ജിച്ചതാണ്. കുന്നംകുളം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്റ് ആണ് ഈ പ്രദേശത്തെ ഗതാഗതത്തിന്റെ സിരാകേന്ദ്രം.