'സ്വച്ഛ് സർവേക്ഷൻ 2025-26' ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരം വിസ്മയിപ്പിക്കുന്ന മാറ്റത്തിലേക്ക്.ഒരു കാലത്ത് ദുർഗന്ധം വമിച്ചിരുന്ന ഇടം ആയിരുന്നു മലായ ജംഗ്ഷൻ.ഇന്ന് കണ്ണിന് കുളിർമയേകുന്ന ഒരു ഇടമായിരിക്കുകയാണ് ഇവിടം.നാടിന്റെ മുഖഛായ തന്നെ എങ്ങനെ മാറ്റാം എന്നതിൽ ഒരു മാതൃക ആയിരിക്കുകയാണ് കുന്നംകുളം നഗരസഭ.
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ വൃത്തിയാക്കുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നവീനമായ രീതിയിലുള്ള 'മീം' പോസ്റ്ററുകളും നഗരസഭ പുറത്തിറക്കിയത് ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് മലായ ജ്വല്ലറിയുടെ സഹകരണത്തോടും സ്പോൺസർഷിപ്പോടും കൂടി ജംഗ്ഷൻ അടിമുടി നവീകരിച്ചത്.ഏകദേശം 2 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മലായ ജംഗ്ഷനു മുന്നിൽ ആയി ഈ “ഗ്രീൻ സോൺ ’’ ഒരുക്കിയിരിക്കുന്നത്.നാളുകളായി നഗരസഭ നേരിട്ടിരുന്ന പ്രശ്നത്തിന് ഇതോടെ ശാശ്വതമായ പരിഹാരമാവുകയും നഗരത്തിന് ഒരു പുതിയ ലാൻഡ്മാർക്ക് ലഭിക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വയിനം ചെടികളാണ് പൂന്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്.തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കൂട്ടത്തിലെ താരം 'ഡെസേർട്ട് റോസ്' എന്ന് വിളിക്കപ്പെടുന്ന അഡീനിയംഒബെസം ചെടിയാണ്.ബോൺസായ് രൂപത്തിലുള്ള തടിയും നിറയെ പൂക്കളുമായി നിൽക്കുന്ന ഇവ കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കുന്നു.
പ്രത്യേക രീതിയിലുള്ള പരിപാലനമാണ് ഈ ചെടികൾക്ക് നൽകുന്നത്. വെറും മണ്ണിലല്ല ഇവ വളരുന്നത് പകരം ചകിരിച്ചോറും പ്രത്യേക ജൈവവളങ്ങളും ചേർത്ത മിശ്രിതത്തിലാണ് ഇവയുടെ വളർച്ച.കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള ഈ ചെടികൾക്ക് കൃത്യമായ പരിചരണം നഗരസഭ ഉറപ്പ് നൽക്കുന്നുണ്ട്.ഈ കൊടും ചൂടിലും ചെടിക്കളുടെ വളർച്ച സാധ്യമാണ്.നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ മലായ ജ്വല്ലറിയെപ്പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.