ഓപ്പറേഷൻ തൂഫാൻ 2.0

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുന്നംകുളം നഗരസഭയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചതിനോടൊപ്പം തന്നെ കുന്നംകുളം നഗരസഭയിലും പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കുന്നംകുളം നഗരസഭാ ഗാന്ധി ചത്വരത്തില്‍ വെച്ച് നഗരസഭ ചെയർപേഴ്‌സൺ സൗമ്യ അനിലൻ പതാക ഉയർത്തി നഗരസഭാതല 'തൂഫാൻ' പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മോൻസി 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരെ പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് കുന്നംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മധു നേതൃത്വം നൽകി. ലഹരി വിപത്തിനെതിരെ കർശന പ്രതിരോധം തീർക്കാനും നഗരസഭാ പരിധിയിൽ ബോധവൽക്കരണവും നിരീക്ഷണവും ഊർജിതമാക്കാനും ചടങ്ങിൽ തീരുമാനമായി. വിദ്യഭ്യാസ സ്റ്റാന്റുിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആര്‍ഷ ജിജു, കക്ഷി നേതാക്കളായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, സോമന്‍ ചെറുകുന്ന്, വിവിധ കൌണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.കെ മനോജ് നന്ദി പറഞ്ഞു.

 


 

Thoofan 2.0
കുറുക്കൻപാറയിലെ മാലിന്യക്കൂമ്പാരത്തിന് ശാസ്ത്രീയ പരിഹാരം

38 ടൺ RDF ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക്..


26,065 ടൺ ലെഗസി മാലിന്യ നിർമാർജനത്തിന് വേഗം കൂട്ടുന്നു….


കുന്നംകുളം നഗരസഭയിലെ വർഷങ്ങളായി കുറുക്കൻപാറയിൽ കുന്നുകൂടിക്കിടന്ന മാലിന്യക്കൂമ്പാരത്തിന് ശാസ്ത്രീയ പരിഹാരമൊരുക്കുന്ന ബയോമൈനിങ് പദ്ധതിയിൽ നിർണായക ചുവടുവെപ്പ്. ബയോമൈനിങ് വഴി വേർതിരിച്ചെടുത്ത 38 ടൺ RDF (Refuse Derived Fuel) ഡാൽമിയാപുരത്തെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് അയച്ചു. RDF കയറ്റിയ വാഹനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ ഫ്ലാഗ് ഓഫ് ചെയ്തു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കുറുക്കൻപാറ ഡംപ്‌സൈറ്റിലെ ബയോമൈനിങ് പ്രവർത്തനം. ഇവിടെ വർഷങ്ങളായി കെട്ടിക്കിടന്ന 26,065 ടൺ ലെഗസി മാലിന്യമാണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നത്. 32,582 ഘനമീറ്റർ വരുന്ന മാലിന്യക്കൂമ്പാരം 1.80 ഏക്കർ വിസ്തൃതിയിലാണ് നിലനിന്നിരുന്നത്. ബയോമൈനിങ് പ്രവർത്തനത്തിന്റെ ഭാഗമായി ഇതുവരെ ഏകദേശം 4,430 ടൺ മാലിന്യം സംസ്കരിച്ച് RDF, Bio-earth, Inert എന്നീ വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇതിൽനിന്ന് ലഭിച്ച RDF-ൽ ആകെ 64 ടൺ ഇതിനകം ഡംപ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 38 ടൺ RDF ഇപ്പോൾ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് അയച്ചത്. ശേഷിക്കുന്ന RDF ഘട്ടംഘട്ടമായി ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് മാറ്റും. സിമന്റ് ഉൽപ്പാദനത്തിന് ഇന്ധനമായി ഉപയോഗിക്കാനാണ് RDF കൈമാറുന്നത്. പദ്ധതിയുടെ ഭാഗമായി വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് അധിഷ്ഠിത മാലിന്യമാണ് RDF ആയി മാറ്റുന്നത്. 1946 മുതൽ 2016 വരെ മാലിന്യം നിക്ഷേപിച്ചിരുന്ന പ്രദേശമാണ് കുറുക്കൻപാറ. പതിറ്റാണ്ടുകളായി മണ്ണിനടിയിലും മാലിന്യക്കൂമ്പാരത്തിനുള്ളിലും കിടന്നിരുന്ന മാലിന്യമാണ് ഇവിടെ ഇപ്പോൾ പുറത്തെടുത്ത് ശാസ്ത്രീയമായി വേർതിരിക്കുന്നത്.
മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള ദുർഗന്ധം, മഴക്കാലത്ത് ഉണ്ടാകുന്ന മലിനജലവും ലീച്ചേറ്റും, ഭൂഗർഭജല മലിനീകരണ സാധ്യത, കിണറുകളെയും സമീപ ജലസ്രോതസ്സുകളെയും ബാധിക്കാനുള്ള സാധ്യത, കൊതുക്-ഈച്ച ശല്യം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പാരിസ്ഥിതിക ആഘാതം, തീപിടിത്ത സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
മാലിന്യം ഭൂമിക്കടിയിൽ വർഷങ്ങളോളം കിടന്നതിന്റെ ഭാഗമായി സമീപത്തെ കിണറുകളെയും ജലസ്രോതസ്സുകളെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഭൂഗർഭജലത്തെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ള സുരക്ഷയും ഇതോടെ പ്രധാന വിഷയമായി. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു.
ഇത്തരം ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും മാലിന്യക്കൂമ്പാരം തന്നെ ഇല്ലാതാക്കുന്നതിനുമാണ് നഗരസഭ ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്നതിൽ ഒതുങ്ങുന്നതല്ല ബയോമൈനിങ്. മാലിന്യത്തെ വിവിധ വിഭാഗങ്ങളായി വേർതിരിച്ച് ഓരോന്നിനും ശാസ്ത്രീയമായ തുടർസംസ്കരണവും ഉപയോഗവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുഴിച്ചെടുക്കുന്ന മാലിന്യം 5 മുതൽ 7 ദിവസം വരെ ഉണക്കിയ ശേഷം ട്രോമൽ ഉപയോഗിച്ച് വേർതിരിക്കുന്നു. ഇതിലൂടെ പ്രധാനമായും RDF, Bio-earth, Inert എന്നിവ ലഭിക്കുന്നു. വേർതിരിച്ചെടുക്കുന്ന RDF ഡാൽമിയ സിമന്റ് ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കുന്നതോടെ വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യത്തിലെ പ്ലാസ്റ്റിക് ഘടകത്തിന് ഉപയോഗപ്രദമായ അന്തിമ ഉപയോഗം കണ്ടെത്താനും സാധിക്കുന്നു.
ബയോമൈനിങ്ങിലൂടെ ലഭിക്കുന്ന Bio-earth, Inert എന്നിവയും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. CPHEEO മാർഗനിർദേശങ്ങൾ പ്രകാരം ആവശ്യമായ പരിശോധനകൾ നടത്തി ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് മണ്ണ് തിരിച്ചുപയോഗിക്കുക.
മാലിന്യം നീക്കം ചെയ്ത കുഴികളുടെ അടിത്തട്ടിൽനിന്ന് മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയും മലിനീകരണമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തുടർന്ന് പരിശോധനയിൽ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്ന മണ്ണും Inert, Bio-earth എന്നിവയും ബാക്ക്‌ഫില്ലിങ്ങിനായി ഉപയോഗിക്കും. ബയോമൈനിങ് പൂർത്തിയാകുന്നതോടെ വർഷങ്ങളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഭൂമി പുനഃസ്ഥാപിച്ച് നഗരസഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ അന്തിമ ലക്ഷ്യം.
കുറുക്കൻപാറയിലെ ബയോമൈനിങ് പദ്ധതി വിജയകരമായി പൂർത്തിയാകുന്നതോടെ വർഷങ്ങളായി പ്രദേശത്തെ അലട്ടിയിരുന്ന ലെഗസി മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നതിനൊപ്പം, മാലിന്യത്തിൽനിന്ന് വിഭവം വീണ്ടെടുക്കുന്നതിനും ഭൂമി പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുങ്ങും.
മാലിന്യക്കൂമ്പാരത്തിൽനിന്ന് RDF-ലേക്ക്; RDF-ൽനിന്ന് സിമന്റ് ഉൽപ്പാദനത്തിനുള്ള ഇന്ധനത്തിലേക്ക് — കുറുക്കൻപാറയിലെ മാലിന്യത്തിന് പുതിയൊരു ഉപയോഗം കണ്ടെത്തുകയാണ് നഗരസഭ.
നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിഷ സെബാസ്റ്റ്യൻ, ആർഷ ജിജു, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍, രാജി, SWM എഞ്ചിനീയര്‍ മുഹ്സീന എന്നിവര്‍ പങ്കെടുത്തു.

picture
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ "നല്ല നാല് വർത്തമാനം” ക്യാമ്പയിന്റെ ഭാഗമായി ഖരമാലിന്യ ചട്ടങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടന്ന ശില്പശാല മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​മാലിന്യങ്ങൾ വെറുതെ വലിച്ചെറിയുന്ന ശീലത്തിന് പകരം, അവയിൽ നിന്ന് ഉപയോഗപ്രദമായ വിഭവങ്ങൾ വീണ്ടെടുക്കുന്നതിനും പുനരുപയോഗിക്കുന്നതിനും മുൻഗണന നൽകണമെന്ന് ശില്പശാല ഓർമ്മിപ്പിച്ചു. ജില്ല ശുചിത്വ മിഷൻ പ്രോഗ്രാം കോർഡിനേറ്റർ രജനീഷ് രാജൻ പദ്ധതി വിശദീകരണം നടത്തി.

​മാലിന്യസംസ്കരണത്തിൽ പുതിയ മാറ്റങ്ങൾ

​തുമ്പൂർമുഴി മോഡൽ ഉൾപ്പെടെയുള്ള മുൻകാല രീതികളിൽ നിന്നും മാറി, പുതിയ നിയമപ്രകാരമുള്ള മാറ്റങ്ങൾ ശില്പശാലയിൽ വിശദീകരിച്ചു. മുൻപ് ജൈവം, അജൈവം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടായിരുന്നു മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്. എന്നാൽ 2026-ലെ പുതിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പ്രകാരം ഇനി മുതൽ മാലിന്യങ്ങൾ നാല് തരത്തിലുള്ള ബിന്നുകളിലായി വേണം ശേഖരിക്കാൻ.

​മാലിന്യങ്ങളെ തരംതിരിക്കേണ്ട 4 വിഭാഗങ്ങൾ:

​ജൈവ മാലിന്യങ്ങൾ

​അജൈവ മാലിന്യങ്ങൾ

​സാനിട്ടറി മാലിന്യങ്ങൾ

​സ്പെഷ്യൽ മാലിന്യങ്ങൾ

​ഇത്തരത്തിൽ നാലായി തരംതിരിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ സംസ്കരണത്തെക്കുറിച്ചും ശില്പശാലയിൽ വിശദമായ ക്ലാസുകൾ നടന്നു.

​വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, സോമശേഖരൻ, മിഷസെബാസ്റ്റ്യൻ, ആർഷ ജിജു, മുനിസിപ്പൽ കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി മനോജ്‌ കെ. കെ, JHI പ്രവീൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. നഗരത്തെ കൂടുതൽ വൃത്തിയുള്ളതാക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും എല്ലാവരുടെയും സജീവ പങ്കാളിത്തം ചടങ്ങിൽ ആവശ്യപ്പെട്ടു. 

Solid Waste Management
ശുചിത്വ നഗരമായി മാറാൻ കുന്നംകുളം,നാടിനായി കൈകോർത്ത് വിദ്യാർത്ഥികൾ

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ.

സ്വച്ഛ് സർവേക്ഷൻ 2025-2026 ന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ വിവിധ ഇടങ്ങളിൽ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നഗരത്തിലെ പ്രധാന കടയുടമകളെ കേന്ദ്രീകരിച്ചാണ് ബോധവൽകരണ  പരിപാടികൾ നടന്നത്.

വടക്കാഞ്ചേരി വ്യാസ കോളേജിലെ  നാൽപ്പതോളം വിദ്യാർത്ഥികളാണ് നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൈവ-അജൈവ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കാനായി ട്വിൻ ബിൻ സംവിധാനം കടകളിൽ ഏർപ്പെടുത്തണമെന്നും നഗരസഭയുടെ മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും വിദ്യാർത്ഥികൾ നിർദ്ദേശിച്ചു. 

നഗരസഭ നടപ്പിലാക്കുന്ന ശാസ്ത്രീയ മാലിന്യ സംസ്കരണപദ്ധതികളെക്കുറിച്ചും അതിൽവ്യാപാരികളുടെപങ്കിനെക്കുറിച്ചും വിവരങ്ങൾ വിതരണം ചെയ്തു.നഗരത്തിലെ പ്രധാന റോഡുകളായ പട്ടാമ്പി റോഡ്, തൃശൂർ റോഡ്, വടക്കാഞ്ചേരി റോഡ്, ഗുരുവായൂർ റോഡ് എന്നിവിടങ്ങളിലെ കടകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തി ശുചിത്വ സന്ദേശങ്ങൾ കൈമാറി.

കഴിഞ്ഞ വർഷത്തെ സർവേ പ്രകാരം രാജ്യത്തെ 4,852 നഗരങ്ങളിൽ  193-ാം സ്ഥാനത്ത് ആയിരുന്നു കുന്നംകുളം നഗരസഭ.ഈ വർഷം നഗരത്തെ ഒന്നാം സ്ഥാനത്തിലേക്ക് എത്തിക്കുവാൻ ഉള്ള കഠിന പരിശ്രമത്തിലാണ് നഗരസഭ. യുവ തലമുറയുടെ ഊർജ്ജo വലിയൊരു കരുത്താവുകയാണ്.

News
ദുർഗന്ധം മാറി,സുഗന്ധം പരന്നു; നഗരത്തിന് പുതിയ മുഖച്ഛായ.

'സ്വച്ഛ് സർവേക്ഷൻ 2025-26' ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരം വിസ്മയിപ്പിക്കുന്ന മാറ്റത്തിലേക്ക്.ഒരു കാലത്ത് ദുർഗന്ധം വമിച്ചിരുന്ന  ഇടം ആയിരുന്നു മലായ ജംഗ്ഷൻ.ഇന്ന് കണ്ണിന് കുളിർമയേകുന്ന ഒരു ഇടമായിരിക്കുകയാണ് ഇവിടം.നാടിന്റെ മുഖഛായ തന്നെ എങ്ങനെ മാറ്റാം എന്നതിൽ ഒരു മാതൃക ആയിരിക്കുകയാണ് കുന്നംകുളം നഗരസഭ.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ വൃത്തിയാക്കുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നവീനമായ രീതിയിലുള്ള 'മീം' പോസ്റ്ററുകളും നഗരസഭ പുറത്തിറക്കിയത് ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് മലായ ജ്വല്ലറിയുടെ സഹകരണത്തോടും സ്പോൺസർഷിപ്പോടും കൂടി ജംഗ്ഷൻ അടിമുടി നവീകരിച്ചത്.ഏകദേശം 2 ലക്ഷത്തോളം  രൂപ ചിലവഴിച്ചാണ്  മലായ ജംഗ്ഷനു  മുന്നിൽ ആയി ഈ “ഗ്രീൻ  സോൺ ’’ ഒരുക്കിയിരിക്കുന്നത്.നാളുകളായി നഗരസഭ നേരിട്ടിരുന്ന പ്രശ്നത്തിന് ഇതോടെ ശാശ്വതമായ പരിഹാരമാവുകയും നഗരത്തിന് ഒരു പുതിയ ലാൻഡ്മാർക്ക് ലഭിക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വയിനം ചെടികളാണ് പൂന്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്.തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കൂട്ടത്തിലെ താരം 'ഡെസേർട്ട് റോസ്' എന്ന് വിളിക്കപ്പെടുന്ന അഡീനിയംഒബെസം ചെടിയാണ്.ബോൺസായ് രൂപത്തിലുള്ള തടിയും നിറയെ പൂക്കളുമായി നിൽക്കുന്ന ഇവ കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കുന്നു.

പ്രത്യേക രീതിയിലുള്ള പരിപാലനമാണ് ഈ ചെടികൾക്ക് നൽകുന്നത്. വെറും മണ്ണിലല്ല ഇവ വളരുന്നത് പകരം ചകിരിച്ചോറും പ്രത്യേക ജൈവവളങ്ങളും ചേർത്ത മിശ്രിതത്തിലാണ് ഇവയുടെ വളർച്ച.കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള ഈ ചെടികൾക്ക് കൃത്യമായ പരിചരണം നഗരസഭ ഉറപ്പ് നൽക്കുന്നുണ്ട്.ഈ കൊടും ചൂടിലും ചെടിക്കളുടെ വളർച്ച സാധ്യമാണ്.നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ മലായ ജ്വല്ലറിയെപ്പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Dessert Rose