വിവരാവകാശ നിയമം, 2005 – ഒന്നാം അപ്പീൽ അധികാരി

വിവരാവകാശ നിയമം  2005  പ്രകാരം, ഒരു പൗരൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നിയമപരമായ സമയപരിധിക്കുള്ളിൽ വിവരം ലഭിക്കാതിരിക്കുകയോ, ലഭിച്ച വിവരം അപൂർണ്ണമോ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആണെന്ന് അപേക്ഷകന് തോന്നുകയോ ചെയ്താൽ, ഒന്നാം അപ്പീൽ അധികാരിയെ (First Appellate Authority – FAA) സമീപിക്കാനുള്ള അവകാശമുണ്ട്.

 

ഒന്നാം അപ്പീൽ അധികാരിയുടെ പ്രധാന ചുമതലകൾ

 

ഒന്നാം അപ്പീൽ അധികാരി പൊതുവിവര ഉദ്യോഗസ്ഥന്റെ തീരുമാനത്തിനെതിരായ അപ്പീലുകൾ പരിശോധിക്കുന്ന അധികാരിയാണ്. 

  • വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും പരിഗണിക്കുന്നു.

  • പൊതുവിവര ഉദ്യോഗസ്ഥന്‍ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.

  • നൽകിയ വിവരത്തിന്റെ പൂർണ്ണതയും നിയമാനുസൃതതയും പരിശോധിക്കുന്നു.

  • ആവശ്യമായ സാഹചര്യത്തിൽ പൊതുവിവര ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടുന്നു.

  • നിയമപ്രകാരം അപേക്ഷകന് വിവരം നൽകുന്നതിനുള്ള നിർദ്ദേശം നൽകുന്നു.

  • വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന്റെ കാരണം നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കുന്നു.

  • അപ്പീലിൽ ലഭ്യമായ രേഖകളും ബന്ധപ്പെട്ട വസ്തുതകളും പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

 

അപ്പീൽ സമർപ്പിക്കേണ്ട സാഹചര്യം

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒന്നാം അപ്പീൽ നൽകാം:

  1. പൊതുവിവര ഉദ്യോഗസ്ഥന്‍ സമർപ്പിച്ച അപേക്ഷയ്ക്ക് 30 ദിവസത്തിനകം മറുപടി ലഭിക്കാത്തപ്പോൾ.
  2. ലഭിച്ച വിവരം അപൂർണ്ണമോ തെറ്റായതോ ആയപ്പോൾ.
  3. ആവശ്യപ്പെട്ട വിവരം നൽകാൻ പൊതുവിവര ഉദ്യോഗസ്ഥന്‍ നിരസിച്ചപ്പോൾ.
  4. നിയമപ്രകാരം ലഭിക്കേണ്ട വിവരം നൽകുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടായപ്പോൾ.
  5. വിവരവുമായി ബന്ധപ്പെട്ട് പൊതുവിവര ഉദ്യോഗസ്ഥന്‍ എടുത്ത തീരുമാനത്തിൽ അപേക്ഷകന് തൃപ്തിയില്ലാത്തപ്പോൾ.

 

അപ്പീൽ സമർപ്പിക്കുന്ന സമയപരിധി

സാധാരണയായി പൊതു വിവര ഉദ്യോഗസ്ഥനിൽ നിന്നും തീരുമാനമോ മറുപടിയോ ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം ഒന്നാം അപ്പീൽ സമർപ്പിക്കാം. ന്യായമായ കാരണമുണ്ടെങ്കിൽ വൈകിയ അപ്പീലും ബന്ധപ്പെട്ട അധികാരിക്ക് പരിഗണിക്കാവുന്നതാണ്.

 

കുന്നംകുളം നഗരസഭയിലെ ഒന്നാം അപ്പീൽ അധികാരി

“വിവരാവകാശ നിയമം 2005 പ്രകാരം, പൊതുവിവര ഉദ്യോഗസ്ഥനിൽ നിന്ന് സമയബന്ധിതമായി വിവരം ലഭിക്കാത്ത സാഹചര്യത്തിലും ലഭിച്ച വിവരം അപൂർണ്ണമോ തൃപ്തികരമല്ലാത്തതോ ആയ സാഹചര്യത്തിലും പൗരന്മാർക്ക് ഒന്നാം അപ്പീൽ അധികാരിയെ സമീപിക്കാനുള്ള അവകാശമുണ്ട്. കുന്നംകുളം നഗരസഭയിൽ നഗരസഭാ സെക്രട്ടറി ഒന്നാം അപ്പീൽ അധികാരിയായി പ്രവർത്തിക്കുന്നു. വിവരാവകാശ അപ്പീലുകൾ പരിശോധിച്ച് നിയമാനുസൃതമായി തീരുമാനമെടുക്കുന്നതിലൂടെ പൗരന്മാരുടെ വിവരാവകാശം സംരക്ഷിക്കുന്നതിലും നഗരസഭാ ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിലും ഒന്നാം അപ്പീൽ അധികാരി പ്രധാന പങ്ക് വഹിക്കുന്നു.”

 

മനോജ് കെ കെ 

മുനിസിപ്പൽ സെക്രട്ടറി 

കുന്നംകുളം നഗരസഭ 

മൊബൈൽ നമ്പർ : 9946692902